ഭൂമിശാസ്ത്രം

മാട്ടൂല്‍

കണ്ണൂര്‍ ജില്ലയില്‍, കണ്ണൂര്‍ താലൂക്കില്‍, കല്ല്യാശ്ശേരി  ബ്ളോക്കിലാണ് മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാട്ടൂല്‍ വില്ലേജ് പരിധിയിലുള്‍പ്പെടുന്ന മാട്ടൂല്‍ ഗ്രാമപഞ്ചായത്തിനു 12.82 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍  കിഴക്ക് ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി പഞ്ചായത്തുകള്‍, വടക്ക് ചെറുകുന്ന്, മാടായി പഞ്ചായത്തുകള്‍, പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് അറബിക്കടല്‍, കല്ല്യാശ്ശേരി പഞ്ചായത്ത് എന്നിവയാണ്. ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവില്‍നിന്നും ഉതിര്‍ന്നുവീണ മാത്വൂല്‍ (എന്തൊരു നീളം) എന്ന അറബിപദത്തില്‍ നിന്നാണ് മാട്ടൂല്‍ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍തന്ന ഏഴര കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂല്‍. മാട്ടൂലിന്റെ ചരിത്രത്തിന് ഇബ്നു ബത്തൂത്തയോളം തന്ന പഴക്കമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയില്‍ നീളത്തില്‍ കാടു നിറഞ്ഞുനിന്ന ഒരു ഗ്രാമം മാത്രമായിരുന്നു മാട്ടൂല്‍. ഈ വിജനമായ പ്രദേശം മുഴുവന്‍ കാല്‍നടയായി ആ അറബി ചരിത്രപണ്ഡിതന്‍ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ഡിസ്ട്രിക്ടില്‍ ചിറക്കല്‍ താലൂക്കിലായിരുന്നു ഈ പ്രദേശം ഉള്‍പ്പെട്ടിരുന്നത്. ഐക്യകേരള പിറവിക്കുശേഷം കണ്ണൂര്‍ ജില്ലയിലും കണ്ണൂര്‍ താലൂക്കിലും ഉള്‍പ്പെടുകയായിരുന്നു. പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് വളപട്ടണം പുഴയും തെക്ക് അഴിമുഖവും വടക്ക് കരപ്രദേശവും അതിരിടുന്ന ഈ പഞ്ചായത്ത് ഒരു ഉപദ്വീപാണ്. 1964-ലെ വില്ലേജു പുന:സംഘടനയെ തുടര്‍ന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. ഒരു ഭാഗത്ത് കടലും മറുഭാഗം പുഴയുമായി നില്‍ക്കുന്ന ഈ പ്രദേശത്തിന്റെ രക്ഷാവലയം ഒരു പക്ഷേ കടല്‍ഭിത്തിയാണെന്നു പറയാം. കടലൊന്നു കോപിച്ച് വെള്ളമൊന്ന് ഉയര്‍ന്നാല്‍ മാട്ടൂല്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ വിസ്മൃതിയിലാണ്ടുപോയേക്കാം. ഇത് കണക്കിലെടുത്തുകൊണ്ടു തന്ന കടല്‍ ഭിത്തിയുടെ പ്രവര്‍ത്തനം വളരെ മുമ്പു തന്ന ഈ ഗ്രാമപഞ്ചായത്തില്‍ തുടങ്ങിവച്ചിട്ടുണ്ട്.